SOLAR KERALA | MURICKENS GROUP
09447366779 | Enquiry | Send Mail
An ISO 9001:2015 Certified Company | 2018 Business Achievement Award Winner
09447366779, 09400464444 murickans@gmail.com
സോളാറിനെ നിയമത്താൽ മറയ്ക്കാനൊരുങ്ങി സർക്കാർ
കൊച്ചി: കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ ഊർജനയ വ്യതിയാനം തുരങ്കം വയ്ക്കുന്നത് ആഗോളതാപനം കുറയ്ക്കാനായി പുനരുപയോഗ ഊർജ സ്രോതസ്സുകളെ കൂടുതൽ ആശ്രയിക്കാനുള്ള നീക്കത്തെ. സൗരോർജ ഉപയോഗത്തിന്റെ താരിഫ് കണക്കാക്കുന്ന നെറ്റ് മീറ്ററിങ് രീതിക്കു പകരം ഗ്രോസ് മീറ്ററിങ് നടപ്പാക്കാനുള്ള കേന്ദ്ര ശുപാർശയും കരാർ പ്രകാരമുള്ള ആവശ്യത്തിനു (കോൺട്രാക്ട് ഡിമാൻഡ്) തുല്യമായ ശേഷിയുള്ള സൗരോർജ പ്ലാന്റിനേ അനുമതി നൽകൂ എന്ന കേരള സ്റ്റേറ്റ് എനർജി റഗുലേറ്ററി കമ്മിറ്റിയുടെ (കെഎസ്ഇആർസി) പുതുക്കിയ മാനദണ്ഡവുമാണു സൗരോർജ മേഖലയ്ക്കു മരണമണി മുഴക്കുന്നത്.
ആഗോളതാപനം കുറയ്ക്കാനും ഹരിതോർജം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടു 2022ഓടെ രാജ്യത്തെ സൗരവൈദ്യുതി ഉൽപാദനം നിലവിലുള്ളതിന്റെ ആറര മടങ്ങു വർധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ കഴിഞ്ഞ 3 വർഷമായി സജീവമായിരുന്നു. ആയിരക്കണക്കിനു പുതിയ തൊഴിലവസരങ്ങളും ചെറുകിട, വൻകിട സൗരോർജ വ്യവസായ യൂണിറ്റുകളും ഇതിന്റെ ഭാഗമായി ഉണ്ടാകുമെന്നാണു കണക്കുകൂട്ടിയിരുന്നത്.
ഇലക്ട്രിക് വാഹന വ്യവസായത്തിന്റെ വളർച്ച വരും വർഷങ്ങളിൽ വൈദ്യുതിയുടെ ആവശ്യം ഉയർത്തുമെന്നതും സൗരോർജ മേഖലയ്ക്ക് ഉണർവു പകർന്നു. ഇതൊക്കെ മുന്നിൽക്കണ്ട് ആയിരക്കണക്കിനാളുകളാണു രാജ്യത്തു സൗരോർജ പദ്ധതികളിൽ പണം നിക്ഷേപിച്ചത്. ഇതെല്ലാം വെള്ളത്തിൽ വരച്ച വരയാകുമെന്ന ആശങ്കയിലാണു നിക്ഷേപകർ. ഊർജോപയോഗത്തിന്റെ താരിഫ് കണക്കാക്കാൻ ഗ്രോസ് മീറ്ററിങ് രീതി നടപ്പാക്കുന്നതു കാറ്റിൽനിന്നുള്ള വൈദ്യുതി ഉൽപാദനത്തിനും ബാധകമാണ്.
ലാഭം ഇല്ലാതാക്കി ഗ്രോസ് മീറ്ററിങ്
നെറ്റ് മീറ്ററിങ് രീതിയിൽ കെഎസ്ഇബിയിൽ നിന്ന് ഉപയോഗിക്കുന്ന വൈദ്യുതിക്കും സൗരോർജ വൈദ്യുതിക്കും ഒരേ താരിഫാണ്. സൗരോർജ പ്ലാന്റ് സ്ഥാപിക്കുന്നതോടെ കെഎസ്ഇബിയിൽ നിന്നുള്ള വൈദ്യുതി ഉപയോഗം കുറയുന്നതിനാൽ ബില്ലിൽ കാര്യമായ ലാഭം ഉപഭോക്താക്കൾക്കു ലഭിച്ചിരുന്നു. ഉപയോഗശേഷം അധികം വരുന്ന സൗരോർജ വൈദ്യുതി കെഎസ്ഇബിക്കു നൽകുന്നതും ഇതേ നിരക്കിലായതിനാൽ ആ ഇനത്തിലും ലാഭമുണ്ടായിരുന്നു.
ഉദാഹരണത്തിന്, ദ്വൈമാസം 50 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്ന ഉപഭോക്താവ് 30 യൂണിറ്റ് സൗരോർജവും ബാക്കി 20 യൂണിറ്റ് കെഎസ്ഇബി വൈദ്യുതിയും ഉപയോഗിക്കുകയാണെങ്കിൽ കെഎസ്ഇബിയുടെ 20 യൂണിറ്റിനുള്ള തുക മാത്രം അടച്ചാൽ മതിയായിരുന്നു. ഉപയോഗിക്കുന്ന 50 യൂണിറ്റും സൗരോർജം തന്നെയെങ്കിൽ ബിൽതുക പൂജ്യമാകും. ഇതിനെ നെറ്റ് സീറോ എന്നാണു പറയുക. ഇനി, സൗരോർജ ഉൽപാദനം 100 യൂണിറ്റും ഉപയോഗം 50 യൂണിറ്റും ആണെങ്കിൽ അധികമുള്ള 50 യൂണിറ്റ് വൈദ്യുതി വിൽക്കുമ്പോൾ ഓരോ യൂണിറ്റിനും കെഎസ്ഇബി നിരക്കു പ്രകാരം തന്നെയുള്ള തുക ഉപഭോക്താവിനും ലഭിച്ചിരുന്നു.
എന്നാൽ, ഗ്രോസ് മീറ്ററിങ് രീതിയിൽ കെഎസ്ഇബി വൈദ്യുതിയും സൗരോർജ വൈദ്യുതിയും രണ്ടായി മീറ്റർ ചെയ്യും. നിലവിൽ കെഎസ്ഇബി വൈദ്യുതിയുടെ മൂന്നിലൊന്നു നിരക്കു മാത്രമേ സൗരോർജ വൈദ്യുതിക്കുള്ളൂ. ഇതിനാൽ പൂർണമായും സൗരോർജം ഉപയോഗിച്ചാലും നെറ്റ് സീറോ ആനുകൂല്യം ലഭിക്കില്ല. അതായത് 50 യൂണിറ്റ് ഉപയോഗമുള്ളയാൾ 50 യൂണിറ്റും സൗരോർജം തന്നെ ഉപയോഗിച്ചാലും കെഎസ്ഇബിക്കു പണം നൽകേണ്ടി വരും. കൂടിയ തുകയ്ക്കു കെഎസ്ഇബി വൈദ്യുതി വാങ്ങുകയും കുറഞ്ഞ തുകയ്ക്കു സൗരോർജം വിൽക്കുകയും ചെയ്യുന്നതിലൂടെയും നഷ്ടമുണ്ടാകും. സൗരോർജ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള ഉയർന്ന മുടക്കുമുതൽ കണക്കിലെടുക്കുമ്പോൾ, തുടർച്ചയായി ഉപയോഗത്തിലൂടെ ഇതു തിരിച്ചുപിടിക്കാൻ മുൻപ് 5–6 വർഷം വരെയാണ് വേണ്ടി വന്നിരുന്നത്. ഗ്രോസ് മീറ്ററിങ് അംഗീകരിച്ചാൽ ഈ കാലയളവ് 15–20 വർഷം വരെയാകും.
കോൺട്രാക്ട് ഡിമാൻഡ്; പുതിയ വ്യവസ്ഥ കല്ലുകടി
വ്യാവസായിക ഉപയോക്താക്കൾ ഹൈ ടെൻഷൻ (എച്ച്ടി) കണക്‌ഷനെടുക്കുന്നതിനുള്ള കരാറിൽ, ആവശ്യമുള്ളത് എത്ര കിലോവാട്ട് വൈദ്യുതി എന്നു സൂചിപ്പിക്കുന്നതിനെയാണു കോൺട്രാക്ട് ഡിമാൻഡ് എന്നു പറയുന്നത്. ഉപയോഗിച്ചാലും ഇല്ലെങ്കിലും ഇത്രയും യൂണിറ്റ് വൈദ്യുതിക്കുള്ള തുക അടയ്ക്കണമെന്നാണു വ്യവസ്ഥ. കോൺട്രാക്ട് ഡിമാൻഡിനു തുല്യമായ ശേഷിയുള്ള സൗരോർജ പ്ലാന്റിനേ അനുമതി നൽകൂ എന്ന മാനദണ്ഡം കെഎസ്ഇആർസി കൊണ്ടുവന്നതു കെഎസ്ഇബിയുടെ ആവശ്യപ്രകാരമാണ്.
മുൻപ്, എച്ച്ടി ഉപയോക്താവിന്റെ സൗരോർജോൽപാദനം തൊട്ടടുത്ത സബ്സ്റ്റേഷനിലെ ഫീഡർ ട്രാൻസ്ഫോമറിന്റെ ലോഡിന്റെ 80 ശതമാനത്തിൽ കൂടരുതെന്നു മാത്രമായിരുന്നു മാനദണ്ഡം. നിലവിൽ വ്യവസായശാലകളിലെയും മറ്റും സൗരോർജ പ്ലാന്റുകൾ പലതും കോൺട്രാക്ട് ഡിമാൻഡിന്റെ ഇരട്ടിയിലേറെ സ്ഥാപിത ശേഷിയുള്ളവയാണ്. പകൽ സൗരോർജോൽപാദനം നടക്കുമ്പോൾ ആവശ്യത്തിലേറെ വൈദ്യുതി ഉൽപാദിപ്പിച്ചു കെഎസ്ഇബിക്കു വിൽക്കുകയും രാത്രിയിൽ കെഎസ്ഇബി വൈദ്യുതി സ്വീകരിക്കുകയും ചെയ്യുന്നതിലൂടെ വാങ്ങലും വിൽക്കലും ഏറെക്കുറെ തുല്യമായി ക്രമീകരിക്കാനും അതുവഴി വൈദ്യുതിച്ചെലവു ലാഭിക്കാനും കഴിയും എന്നതിനാലാണു കോൺട്രാക്ട് ഡിമാൻഡിനെക്കാൾ ഉൽപാദന ശേഷിയുള്ള പ്ലാന്റുകൾ വ്യവസായികൾ സ്ഥാപിച്ചിരുന്നത്.
എന്നാൽ പുതുക്കിയ മാനദണ്ഡപ്രകാരം കോൺട്രാക്ട് ഡിമാൻഡ് ഉയർത്തി പ്ലാന്റിന്റെ ശേഷിക്കു തുല്യമാക്കേണ്ടി വരുമെന്നതിനാൽ ഇരട്ടിയിലേറെ തുക എച്ച്ടി ഉപയോക്താക്കൾ മാസാമാസം കെഎസ്ഇബിക്കു നൽകേണ്ടി വരും. ഇതോടെ സൗരോർജ പ്ലാന്റ് മൂലം വൈദ്യുതിച്ചെലവിൽ കിട്ടിയിരുന്ന ലാഭം പൂർണമായും ഇല്ലാതാകും.